Monday, November 26, 2007

പ്രണയം

കടല്‍ ഭിത്തിക്കരികിലെ
കാട്ടു പടര്‍പ്പുകളുടെതണലില്‍,
കടലിലേക്കു ചാഞ്ഞിറങ്ങിയ
പാറയുടെമേല്‍
‍പ്രണയബദ്ധരായിരിക്കവെ
കാമുകി
വീണ്ടും
അതേ ചോദ്യം
കാമുകനോടു ചോദിച്ചു.
കടല്‍ കാറ്റിന്റെ
ഉപ്പുപടര്‍ന്നലിഞ്ഞ
കഴുത്തിലും,
അവളുടെ കവിളിലെ,
വശ്യതയാര്‍ന്ന മറുകിലും
തെരുതെരെ ചുംബിച്ചു,
കാമുകന്‍ ആ ചോദ്യത്തെ
ഇക്കിളി കൊണ്ടു ഇല്ലതാക്കി!!
കടല്‍ തീരത്തെ കോട്ടയിലൊരിടത്തു,
കാറ്റാടി മരത്തിന്റെ തണലില്‍ വച്ചും
അവള്‍
‍അവനോടു
വീണ്ടും അതേ ചോദ്യം ചോദിച്ചു.
രോമനിവാരണം ചെയ്‌ത
അവളുടെ
മിനുത്ത കൈത്തണ്ടയില്‍ തെരുപ്പിടിച്ചു,
ആകാശത്തിന്റെ നീലിമയെ കുറിച്ചും,
ആഴിയുടെ അഗാധതയിലെ
പവിഴപുറ്റുകളെകുറിച്ചും വാചാലനായി
അവന്‍
‍അവളുടെ
ചോദ്യത്തെ അവഗണിച്ചു.

പ്രണയമാപിനിയുടെ
രസഗുളിക
ലാഭനഷ്ടങ്ങളുടെ
കള്ളികളിലൂടെ
എങ്ങുമല്ലാതെ
ഉരുണ്ടിറങ്ങി തെന്നുംബോള്‍
അവള്‍
‍പ്രണയത്തിനു
നിര്‍വചനം തേടുകയായിരുന്നു...
ഇടവേളകള്‍
കഴിഞ്ഞപ്പോള്‍
‍മഴയൊഴിഞ്ഞ
ഒരു പകല്‍നേരം
പ്രണയത്തിനു
അവള്‍
കണ്ടെടുത്ത
നിര്‍വചനം
അവളവന്റെ
മുഖത്തേക്കു
വലിച്ചെറിഞ്ഞു.
"പ്രണയം ...മണ്ണാംങ്കട്ട"

ആ മണ്ണാംങ്കട്ടയെ,
വേളികായലിലെ
ഓളങ്ങളിലേക്കു
വലിച്ചെറിഞ്ഞെറിഞ്ഞു ,
വേളികഴിക്കാം
എന്നു പറഞ്ഞെത്തിയ
വേനല്‍ കാറ്റിനെ
വേഴാംബലിനെ
എന്ന
പോലെ
അവള്‍
‍കാത്തിരുന്നു.

No comments:

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)