കുളിച്ചീറന്‍ മാറിയോ?
കാച്ചെണ്ണ മണമിയലും മുടിത്തുമ്പില്‍
നിന്നിറ്റു വീഴും നീര്കണം മുത്തമിടും
നിന് കണങ്കാലിലലസമായിളകും
കൊലുസുകള്‍ ചോദിക്കുന്നതിതോ?
തുളസിത്തറയിലൊളിവിതറാനിരിക്കും
നെയ്ത്തിരി കാത്തിരിക്കുന്നു
നിന് മ്രുദുസ്പര്ശമൊന്നെറ്റുണര്ന്നീടുവാന്।
താമസമിനിയും?
വൈകാതെ പോകുമോ?
കൈയ്യിലെ കരിവളകളിളകി
പതുക്കെ ചോദിക്കുന്നതിതോ?
നീയരികിലെത്തുംബോളിളകുന്നിതാ
തറയിലരുമയായ് നില്ക്കുമീ തുളസീ
ദളചാര്ത്തണിഞ്ഞ ചില്ലകള്‍!
കരഞ്ഞാര്‍ത്ത ചീവിടും,
കാണാപൊത്തിലിരുന്നു
കുറുകും കൂട്ടരും,
നിര്ത്തുന്നിതവരുടെ ഗാനാലാപം,
നൊടിയിട കാതോര്‍ക്കുന്നു,
നിന് മ്രുദുവാണിയിലീണമായലിഞ്ഞ
നല് സന്ധ്യാനാമജപമതു കേട്ടീടുവാന്‍!
മെല്ലെ മുറിഞ്ഞിടറി പ്രഭ പരത്തിയൊളിഞ്ഞു
നോക്കും താരകങ്ങള്‍ക്കും നാണമായ്,
നീ തെളിയിച്ച നല്നെയ്ത്തിരി
ഇടറാതെയാ കല്ത്തറയില്
അര്ക്കനൊത്ത തേജസ്സില്‍
ഒളിചിന്നിയുണര്ന്നപ്പോള്!!
മുറ്റമതിനപ്പുറത്തേക്കു
പാഞ്ഞോടിയകന്നൂ-
യിരുട്ടിന്‍ പട്ടുടുത്ത സന്ധ്യയും!!
മുറ്റം വിരിച്ച വെണ്മണലിലൊഴുകി
പരക്കുന്നു പൂനിലവും।
നിന്നെക്കണ്ടുള്ളൊരുന്മാദഹര്ഷത്താല്
കുറുമുല്ലയും മെല്ലെ വിടര്‍ത്തുന്നു
നറുമണമോലും നവമൊട്ടുകളനവധി!!
എങ്ങുനിന്നെന്നറിയാതെയെത്തി
പതുങ്ങി പതുക്കെ തഴുകിനിന്നെ-
യെന്നിട്ടെങ്ങോട്ടു പാഞ്ഞു പോയീ
യെന്നറിഞ്ഞില്ല, നീയുമീയിളംകാറ്റിനെ!!
നീയറിയില്ലയെന്നോ?
നിന്നുടുപുടവയലലിഞ്ഞ
കൈതപ്പൂമണം ചോര്‍ത്തി പാഞ്ഞു
പോകുന്നൊരാ ചെറുകാറ്റിനെ?
നീയറിയില്ലെയെന്നോ?!!
പിന്നെന്തെ?
നിന്നെനോക്കി കുണുങ്ങിക്കണ്മിഴിച്ചൊരീ
നെയ്യ്ത്തിരിയല്പ്പമൊന്നിളകി പിടഞ്ഞതു?
എങ്കിലും,
മുറിഞ്ഞിടാതെ-യതുമിതും
കേള്ക്കാതെയനല്പ്പഭക്തിയോടെ
കന്യകേ നീയപ്പോഴും തുടരുന്നു
നിന് സന്ധ്യാനാമ ജപാലാപനം!!
ചിത്രമിതു കണ്പാര്ക്കിലാരും
തരളിത ചിത്താനാകുമെന്നപ്പോലെ!!
ഇതെഴുതുവാന്‍ പ്രേരകമായതു ശ്രീ ബി എസ് മാടായിയുടെ
ചിത്രകൂടം..... എന്ന ബ്ലോഗിലെ എന്റെ, ഞങ്ങളുടെ, അല്ല നമ്മുടെ തുളസി! എന്ന പോസ്റ്റ് ആണു.(लिंक http://chithrakootam.blogspot.com/2009/01/blog-post.html)
2 comments:
എന്റെ ചിത്രം ഒരു കവിതക്ക് പ്രചോദനമായതില്‍ അതിയായ സന്തോഷം തോന്നുന്നു. കവിത നന്നായിട്ടുണ്ട്. ബ്ലോഗില്‍ പോസ്റ്റുന്ന കവിത, എപ്പോഴും ഒതുക്കി പറയുന്നതാ നല്ലത്. ബൂലോഗത്ത് serious readers അത്രയധികമില്ലെന്നാണ് എന്റെ വിശ്വാസം, കഴിയുന്നതും പെട്ടെന്ന് പെട്ടെന്ന് വായിച്ചുപോകാനാണ് എല്ലാവര്ക്കും താല്പര്യം. അതുകൊണ്ടുതന്നെ, നീളക്കൂടുതല്‍ പലപ്പോഴും കവിതയുടെ ആസ്വാദ്യതയെ ബാധിക്കാറുണ്ട്. എന്റെ ഒരു അഭിപ്രായം മാത്രമാണ്... എല്ലാ ഭാവുകങ്ങളും.
നന്നായി, മാഷേ.
:)
Post a Comment