Sunday, December 16, 2007

"ഉണരുന്ന നീതിപീഠം"-ഒരു കുറിപ്പ്

പകലിന്‍ വെളിച്ചമെത്രയുണ്ടായാലും,
തെളിഞ്ഞിടാമോ നിഴലിന്‍ നിറം?
ഇരുട്ടൊളിക്കും മൂലയിതു തെളിയാന്‍
‍കൊളുത്തണം വിളക്കല്ലാതെ വേറെന്തു?
മാറ്റുവാന്‍ ചട്ടങ്ങള്‍,
പൊട്ടിച്ചെറിയാന്‍ കൊളുത്തുകള്‍,
ഉയര്‍ത്തേണ്ടതു കരങ്ങളല്ലാതെ മറ്റെന്തു?
തീര്‍ക്കാന്‍ മറവുകളില്ലാത്ത ലോകം,
കുറവുകളില്ലാത്ത നീതി വേണം.
പൊളിക്കണമോരോന്നും
പുതു നാളിനൊത്തു,
തീര്‍ക്കണം
നീതി നവമായിനമുക്കായി.
മാ‍റ്റമിതു വേണംകരുത്തിനായി.
തിരുത്തു-മഭികാമ്യം
ജനം വെറുക്കുമെങ്കില്‍.
ഇതെഴുതുവാന്‍ പ്രേരകമായത് Poilkave എന്ന ബ്ലോഗിലെ "ഉണരുന്ന നീതിപീഠം"എന്ന കുറിപ്പാണു.

പടവുകളില്ലാ‍ക്കിണറിതു പ്രണയക്കിണര്‍.

സൌഹ്രുദത്തിന്‍
നെല്ലിമരത്തണലിന്‍
കീഴിലന്നൊരുനാള്‍
കിട്ടിയന്നാദ്യമായ്
ഒരു നെല്ലിക്ക നമുക്കും!
നുള്ളി പകുത്തെടുത്തുതിന്നതിന്‍
ചവര്‍പ്പ്തീര്‍ത്തീടുവാനെത്തി
നാമാ പ്രണയക്കിണറിന്നരികെ..
എത്തി നോക്കി നീ മൊഴിഞ്ഞു.
എന്തൊരാഴം!!
പരിഭവ,പരിവേദന കഥകളാലെത്ര
പകലന്തികള്‍‍ നാമാ കിണറ്റുവക്കില്‍.
പലവുരു കണ്ടു നാമതില്‍
പല താരങ്ങളും,സൂര്യ ചന്ദ്രനും
മുഖം നോക്കി രസിപ്പതു.
നീയും ഞാനുമാ കുളിര്‍നീരിലലിയാന്‍,
മുങ്ങാംകുളിയിട്ടു മുങ്ങി നിവരാന്‍
ഏറെ കൊതിച്ചതുമോര്‍മ്മയ്യില്ലെ?
ഒരു നാളൊരുമിച്ചു കൈകോര്‍ത്തു നാം,
ആഴങ്ങളി-ലാലിംഗന ബദ്ധരായി..!
പ്രണയക്കിണറിതിനാഴമളക്കാനൂളിയിട്ടു.
തിരയിളക്കിപ്പടവു തിരഞ്ഞുന്മാദരതി
കേളികളാടി തിമര്‍ത്തുമറിഞ്ഞു നാം.
റ്‌തുഭേദളേതുവഴിയെങ്ങുമറഞ്ഞെന്നു
നാം അറിഞ്ഞില്ല.
കാലാന്തരത്തിലെപ്പൊഴോ
നീ ആകാശമാര്‍ഗ്ഗേ ചരിക്കും
സൂര്യചന്ദ്രനെ കണ്ടുന്മാദിച്ചതും,
പ്രണയക്കിണറ്റിലന്നു നാം
കണ്ട ദിനനാഥന്മാര്‍ വെറും
നിഴലുകള്‍,
പ്രതിബിംബമെന്നറിഞ്ഞതും,
പടവുകല്‍ കയറി പുറത്തെത്തുവാന്‍,
ധ്രുതിവച്ചു നീ...
ആകാശനീലിമയിലലിയാന്‍
കൊതിച്ചു നീ..
പടവുകള്‍ എത്തിപ്പിടിക്കുവാന്‍
കയ്യുയര്‍ത്തവേ....
ബോധതലങ്ങളില്‍,
ആരോ അറിവിന്റെ
നാരായം കൊണ്ടെഴുതി.
‘പടവുകളില്ലാ കിണറിതു‘,
കര കേറുക ദുഷ്‌ക്കരം!

പിന്നീടെപ്പോഴോ....
ആരോ താഴ്ത്തി തന്ന
പാശത്തിലേറിക്കരേറി നീ..

ഞാനോ..
ഇന്നും
വാഴ്വതീ കിണറിനാഴങ്ങളില്‍.
കരയിലെത്തി തിരിഞ്ഞു
നോക്കി കളിയാക്കിയെന്നെ നീ.
ശരിവെച്ചിടാം..നിന്‍ കളിവാക്കിനെ.
ശരി! ഞാന്‍ വെറും കൂപ മണ്ടൂകം.

ഇനി ഞാനുമോര്‍ക്കാം..
പടവുകളില്ലാക്കിണറിതു.
പ്രണയക്കിണര്‍.!!!


അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും,സഹര്‍ഷം സ്വാഗതം ചെയ്യുന്നു.കമെന്റിലൂടെ പ്രതികരിക്കുമല്ലൊ.

സ്വപ്ന അനു ബി ജോര്‍ജിന്റെ കവിതക്ക്..

കവിത(സ്വപ്നങ്ങള്‍)

ഇരുട്ടല്‍‌പ്പമൊന്നേറുകില്‍,
തിളക്കമേറും‌ നക്ഷ്ത്രങ്ങള്‍‌!
ഇതാകാശനീതി!!
വേദനയുറഞ്ഞ ഹ്രുത്തിലൂ‍റും,
വാക്കിനുമതി സൌന്ദര്യം!
ഇതു ലോക കാവ്യ നീതി!!!
മനസ്സിലുണ്ടൊരു മരം‌,
ഇലകൊഴിഞ്ഞെഴുന്നു നില്‍ക്കുംചില്ലകള്‍ ബാക്കി,
കരഞ്ഞാര്‍ക്കുന്നു,വാക്കാം കാക്കകള്‍
‍കലമ്പല്‍ കൂട്ടുന്നിതീ കൊമ്പില്‍!
മോക്ഷമില്ലാതലയും ആത്‍മാക്കളത്രെയീ കാക്കകള്‍,
ആരിതു പറഞ്ഞെന്നു ഓര്‍മ്മയില്‍ പരതാം.
ചിലമ്പിക്കലപില കൂട്ടുമീവാക്കിന്‍ കാ‍ക്കക്കൂട്ടങ്ങള്‍-
ക്കേകാമിനി മോചനം.
അന്നമെറിയാം,കയ്യ് മാടി വിളിക്കാം,
വന്നിരിക്ക ,വന്നെന്‍ ഇലക്കീറില്‍.
കൊത്തിരുചിച്ചു തല
ചെരിച്ചെന്നെനോക്കി പറന്നകന്നോളു.
ഇനി നിനക്കു മോക്ഷം,
ഈ ഇലത്താളെനിക്കു സ്വന്തം.
********************
ചങ്ങാതിമാര്‍ പറഞ്ഞ പൊലെ,
വാക്കുകള്‍ കുറുക്കുക.
അന്നേരമതിലൂറും
ചെറുതേന്‍ മധുരം
അതിരസമതനുഭവം.!!

സ്വപ്ന‌‌ അനു ബി ജോര്‍ജിന്റെ കവിതയിലേക്കുള്ള ലിങ്ക് ഇവിടെ“കവിത(സ്വപ്നങ്ങള്‍)

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)