Sunday, December 16, 2007

പടവുകളില്ലാ‍ക്കിണറിതു പ്രണയക്കിണര്‍.

സൌഹ്രുദത്തിന്‍
നെല്ലിമരത്തണലിന്‍
കീഴിലന്നൊരുനാള്‍
കിട്ടിയന്നാദ്യമായ്
ഒരു നെല്ലിക്ക നമുക്കും!
നുള്ളി പകുത്തെടുത്തുതിന്നതിന്‍
ചവര്‍പ്പ്തീര്‍ത്തീടുവാനെത്തി
നാമാ പ്രണയക്കിണറിന്നരികെ..
എത്തി നോക്കി നീ മൊഴിഞ്ഞു.
എന്തൊരാഴം!!
പരിഭവ,പരിവേദന കഥകളാലെത്ര
പകലന്തികള്‍‍ നാമാ കിണറ്റുവക്കില്‍.
പലവുരു കണ്ടു നാമതില്‍
പല താരങ്ങളും,സൂര്യ ചന്ദ്രനും
മുഖം നോക്കി രസിപ്പതു.
നീയും ഞാനുമാ കുളിര്‍നീരിലലിയാന്‍,
മുങ്ങാംകുളിയിട്ടു മുങ്ങി നിവരാന്‍
ഏറെ കൊതിച്ചതുമോര്‍മ്മയ്യില്ലെ?
ഒരു നാളൊരുമിച്ചു കൈകോര്‍ത്തു നാം,
ആഴങ്ങളി-ലാലിംഗന ബദ്ധരായി..!
പ്രണയക്കിണറിതിനാഴമളക്കാനൂളിയിട്ടു.
തിരയിളക്കിപ്പടവു തിരഞ്ഞുന്മാദരതി
കേളികളാടി തിമര്‍ത്തുമറിഞ്ഞു നാം.
റ്‌തുഭേദളേതുവഴിയെങ്ങുമറഞ്ഞെന്നു
നാം അറിഞ്ഞില്ല.
കാലാന്തരത്തിലെപ്പൊഴോ
നീ ആകാശമാര്‍ഗ്ഗേ ചരിക്കും
സൂര്യചന്ദ്രനെ കണ്ടുന്മാദിച്ചതും,
പ്രണയക്കിണറ്റിലന്നു നാം
കണ്ട ദിനനാഥന്മാര്‍ വെറും
നിഴലുകള്‍,
പ്രതിബിംബമെന്നറിഞ്ഞതും,
പടവുകല്‍ കയറി പുറത്തെത്തുവാന്‍,
ധ്രുതിവച്ചു നീ...
ആകാശനീലിമയിലലിയാന്‍
കൊതിച്ചു നീ..
പടവുകള്‍ എത്തിപ്പിടിക്കുവാന്‍
കയ്യുയര്‍ത്തവേ....
ബോധതലങ്ങളില്‍,
ആരോ അറിവിന്റെ
നാരായം കൊണ്ടെഴുതി.
‘പടവുകളില്ലാ കിണറിതു‘,
കര കേറുക ദുഷ്‌ക്കരം!

പിന്നീടെപ്പോഴോ....
ആരോ താഴ്ത്തി തന്ന
പാശത്തിലേറിക്കരേറി നീ..

ഞാനോ..
ഇന്നും
വാഴ്വതീ കിണറിനാഴങ്ങളില്‍.
കരയിലെത്തി തിരിഞ്ഞു
നോക്കി കളിയാക്കിയെന്നെ നീ.
ശരിവെച്ചിടാം..നിന്‍ കളിവാക്കിനെ.
ശരി! ഞാന്‍ വെറും കൂപ മണ്ടൂകം.

ഇനി ഞാനുമോര്‍ക്കാം..
പടവുകളില്ലാക്കിണറിതു.
പ്രണയക്കിണര്‍.!!!


അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും,സഹര്‍ഷം സ്വാഗതം ചെയ്യുന്നു.കമെന്റിലൂടെ പ്രതികരിക്കുമല്ലൊ.

1 comment:

രാജന്‍ വെങ്ങര said...

അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും,സഹര്‍ഷം സ്വാഗതം ചെയ്യുന്നു.കമെന്റിലൂടെ പ്രതികരിക്കുമല്ലൊ.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)