Friday, August 28, 2009

കാവ്യയുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌ ആരാണ്‌?

Courtesy: Vmalayali.com

കാവ്യയുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌ ആരാണ്‌?

ചെന്നൈയിലുള്ള ഒരു സുഹൃത്ത്‌ ഒരു പുലര്‍കാലത്ത്‌ മൊബൈലില്‍ വിളിച്ചു. `അറിഞ്ഞോ കഥ? കാവ്യാമധാവന്റെ വിവാഹബന്ധം തകരാന്‍ എന്താ കാരണം?' പുലര്‍കാലത്തുവിളിച്ച്‌ മറ്റുള്ളവരുടെ കുടുംബം തകരുന്നതിന്റെ കഥപറയുന്നവനോട്‌ നീരസം തോന്നി. എങ്കിലും അതു പുറത്തുകാട്ടാതെ ചോദിച്ചു: `എന്താ കാരണം?' `സംഗതി അല്‍പം നാണംകെട്ട കേസാ' സുഹൃത്ത്‌ ശബ്‌ദം താഴ്‌ത്തിപ്പറഞ്ഞു: `കാവ്യയുടെ നഗ്നപൂജയാണ്‌ കാരണം. അതേക്കുറിച്ച്‌ അവളുടെ കെട്ടിയവന്‍ അറിഞ്ഞു. അതാ പ്രശ്‌നങ്ങളുടെ തുടക്കം.'
ഇത്തരം കഥകള്‍ പത്രപ്രവര്‍ത്തനജീവിതത്തില്‍ എന്നുമെന്നോണം കേള്‍ക്കുന്നതാണ്‌. വായിക്കുന്നതുമാണ്‌. അതിനാല്‍തന്നെ സുഹൃത്തിന്റെ വിശദീകരണത്തില്‍ പുതുമയോ അത്ഭുതമോ തോന്നിയില്ല. ആ നിസംഗത അവന്‌ രസിച്ചില്ല.

`സംഗതി പിടികിട്ടിയില്ല അല്ലേ. അവനുണ്ടല്ലോ, നിങ്ങളുടെ നാട്ടിലെ ആ കള്ളസന്യാസി സന്തോഷ്‌ മാധവന്‍. അവന്റെ മുന്നിലാ കാവ്യ പൂജയ്‌ക്കിരുന്നത്‌.' സുഹൃത്ത്‌ വിഷയത്തിന്റെ എരിവും പുളിയുമുള്ള ഭാഗത്തേക്ക്‌ കടന്നു.

അവനെ പിണക്കാന്‍ കഴിയില്ല. ചുമ്മാ പറയട്ടേ എന്നു കരുതി ഫോണ്‍ തലയ്‌ക്കല്‍ മൂളിക്കൊണ്ടിരുന്നു. സത്യം പറയട്ടേ. പുലര്‍കാലമാണെങ്കിലും, തിരക്കുകള്‍ എറെയുണ്ടെങ്കിലും ആ കഥ കേള്‍ക്കാന്‍ എനിക്കും താല്‍പര്യമുണ്ട്‌. ഒട്ടും താല്‍പര്യമില്ലെന്ന മട്ടില്‍ ഇരിക്കുന്നെന്നേയുള്ളൂ. കഥയുടെ പൊടിപ്പും തൊങ്ങലും വിശദാംശങ്ങളുമൊക്കെ എനിക്കു കേള്‍ക്കണം. സുഹൃത്ത്‌ കഥ പറഞ്ഞു. തമിഴിലെ ഒരു വാരികയാണ്‌ ആ മഹാരഹസ്യം കണ്ടുപിടിച്ചിരിക്കുന്നത്‌. കാവ്യാമാധവനും സന്തോഷ്‌ മാധവനും എറണാകുളത്തെ ഒരു റിസോര്‍ട്ടിലെ റിസപ്‌ഷനിസ്റ്റായ യുവതിയുമൊക്കെ കഥാപാത്രങ്ങളാണ്‌. നഗ്നപൂജയും ഹോമവുമൊക്കെയാണ്‌ വിഷയങ്ങള്‍. ഒടുവില്‍ കാവ്യയുടെ ഭര്‍ത്താവ്‌ പൂജയുടെ കഥയറിയുന്നു. അതോടെ അവരുടെ കുടുംബജീവിതത്തിന്റെ കഥ കഴിയുന്നു. ശുഭം. സുഹൃത്ത്‌ ഫോണ്‍വച്ചു.

സുഹൃത്തുക്കളേ, എന്തുതോന്നുന്നു? നഗ്നപൂജയില്‍ പ്രശ്‌നം ഒതുങ്ങിപ്പോകരുതായിരുന്നു എന്നു തോന്നുന്നില്ലേ? ഒരു പ്രണയവും അവിഹിതബന്ധവുമൊക്കെക്കൂടി ആവാമായിരുന്നു. എങ്കിലേ ഒരു രസമുള്ളൂ. നമ്മള്‍ മലയാളികള്‍ക്ക്‌ ഫോണ്‍വിളിച്ച്‌ പരസ്‌പരം പറയാന്‍, ഇമെയിലിലൂടെ ലോകമെങ്ങും പരത്താന്‍, എസ്‌.എം.എസിലൂടെ സുഹൃത്തിനെ ഇക്കിളിപ്പെടുത്താന്‍ അതൊക്കെ അത്യാവശ്യമല്ലേ?

ഇതാണ്‌ നമ്മുടെ നാട്ടിലെ പുതിയ സംസ്‌കാരം. പണ്ടൊക്കെ ആളുകള്‍ മറ്റുള്ളവരെക്കുറിച്ചുള്ള അപഖ്യാതികള്‍ വളരെ ഗോപ്യമായാണ്‌ പറഞ്ഞു പരത്തിയിരുന്നത്‌. ഇന്ന്‌ സ്ഥിതിമാറി. ഇത്‌ ഹൈടെക്‌ യുഗമാണ്‌. ഇമെയിലും, എസ്‌.എം.എസും ജീവിതഗതി നിര്‍ണയിക്കുന്ന കാലം. അണുവിസ്‌ഫോടനം പോലെയാണ്‌ ഇമെയില്‍ വഴിയും എസ്‌.എം.എസ്‌ വഴിയും അപഖ്യാതികള്‍ പരക്കുന്നത്‌. ഒരാളില്‍നിന്ന്‌ രണ്ടുപേരിലേക്ക്‌. രണ്ടുപേരില്‍നിന്ന്‌ ലക്ഷക്കണക്കിന്‌ ആളുകളിലേക്ക്‌... അങ്ങനെ ലോകമെങ്ങും.

ക്രൂരവും അശ്ലീലവുമായ എസ്‌.എം.എസ്‌ ജോക്കുകള്‍ നിര്‍മ്മിക്കുന്ന ഞരമ്പുരോഗികള്‍ക്ക്‌ മലയാളത്തില്‍ ഒരു പഞ്ഞവുമില്ല. കാവ്യാമാധവന്റെ വിവാഹനാളില്‍ പ്രചരിച്ച ഒരു എസ്‌.എം.എസ്‌ ഇങ്ങനെയായിരുന്നു. `ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവത്‌ക്കരിച്ചു. കാവ്യാമാധവന്‍ വിവാഹിതയായി.'
എങ്ങനെയുണ്ട്‌ അശ്ലീലസാഹിത്യകാരന്റെ ഭാവന? ഇത്തരം സന്ദേശങ്ങള്‍ വിവരവും വിദ്യാഭ്യാസവുമില്ലാത്ത ആളുകളല്ല പ്രചരിപ്പിക്കുന്നത്‌ എന്നോര്‍ക്കണം. സമൂഹത്തില്‍ മാന്യന്‍മാരായ നല്ല വിവരവും വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയുമുള്ള ആളുകളൊക്കെ ഇത്തരം മെസേജുകള്‍ സെന്റു ചെയ്യുകയും വായിച്ച്‌ ആത്മരതിയിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്‌. മൊബൈല്‍ഫോണും കമ്പ്യൂട്ടറും മാനവപുരോഗതിയുടെ ആധുനികചാലകങ്ങളാവുമ്പോള്‍തന്നെ അവ പുതിയ ഞരമ്പുരോഗികളേയും മാനസികരോഗികളേയും സൃഷ്‌ടിക്കുകയുമാണ്‌.

കാവ്യാമാധവന്റെ കരിയറിലെ നേട്ടങ്ങളേക്കാറേളെ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌ അവരുടെ കുടുംബജീവിതം തകര്‍ന്നതിനെപ്പറ്റിയാണ്‌. എന്തുകൊണ്ടാണ്‌ ദൃശ്യ-അച്ചടിമാധ്യമങ്ങളൊക്കെ ഈ വിഷയത്തിന്‌ പിന്നാലെ പോകുന്നത്‌. പ്രേക്ഷകര്‍ക്ക്‌/വായനക്കാര്‍ക്ക്‌ വേണ്ടത്‌ അതാണെന്ന്‌ മാധ്യമങ്ങള്‍ക്കറിയാം. അന്യന്റെ ജീവിതത്തിലേക്ക്‌ ഒളിഞ്ഞു നോക്കാനുള്ള വ്യഗ്രതയാണ്‌ അത്തരക്കാരെ നയിക്കുന്നത്‌. അവര്‍ക്ക്‌ എന്നും പുതിയ കഥകള്‍ വേണം. ഒരാള്‍ മാന്യമായി ജീവിക്കുന്ന കഥ വേണ്ട. നേട്ടമുണ്ടാക്കുന്ന, വിജയം നേടുന്ന വ്യക്തികളെക്കുറിച്ച്‌ അറിയേണ്ട. ഇക്കിളിക്കഥകള്‍ മതി. നഗ്നപൂജയും അവിഹിതവുമൊക്കെയാണെങ്കില്‍ ഭേഷ്‌. അതൊക്കെ വായിച്ച്‌ മനോമൈഥുനം നടത്താനാണ്‌ എല്ലാവര്‍ക്കും താല്‍പര്യം. നഗ്നപൂജക്കഥയോട്‌ ഒരു താല്‍പര്യവുമില്ല എന്ന മട്ടില്‍, കഥയുടെ ബാക്കികൂടി കേള്‍ക്കാന്‍ ആകാംക്ഷയോടെ ഞാനിരുന്നതും അതുകൊണ്ടുതന്നെയല്ലേ?

ആരാണ്‌ കാവ്യാമാധവന്‍. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി മലയാള സിനിമാരംഗത്തുള്ള പെണ്‍കുട്ടി. ബാലതാരമായാണ്‌ വന്നത്‌. പിന്നെ നായികയായി. കഴിവും സൗന്ദര്യവും കൊണ്ടാണ്‌ കാവ്യ മലയാളത്തിന്റെ പ്രിയനായികയായത്‌. വിവാഹം പരാജയമായപ്പോള്‍ ആ പെണ്‍കുട്ടിയോട്‌ സഹതപിക്കുകയായിരുന്നു നാം ചെയ്യേണ്ടിയിരുന്നത്‌. അതിനുപകരം ഇല്ലാക്കഥകള്‍ പറഞ്ഞുപരത്തി, ജീവിതത്തിന്റെ താളം പിഴച്ച ദുഃഖവുമായിരിക്കുന്ന അവളെ അപമാനിക്കാനും മാനസികമായി പീഡിപ്പിക്കാനുമാണ്‌ നാം ശ്രമിക്കുന്നത്‌. മാപ്പര്‍ഹിക്കുന്ന തെറ്റാണോ ഇത്‌?
സെലിബ്രിറ്റികളുടെ ജീവിതം സാധാരണക്കാരുടേതുപോലെ മറയുള്ളതല്ല. മാധ്യമങ്ങള്‍ എപ്പോഴും അവര്‍ക്കു പിന്നിലുണ്ടാവും. ഡയാനാ രാജകുമാരി ഒരു കാറിനുള്ളില്‍ ഞെരിഞ്ഞു തീര്‍ന്നുപോയതുപോലും മാധ്യമങ്ങളുടെ ഈ നാണം കെട്ട പിന്തുടരലിന്റെ ഫലമായാണല്ലോ.

കാവ്യയുടെ വിവാഹജീവിതത്തെക്കുറിച്ച്‌ കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുകയാണ്‌ ചിലര്‍. കാവ്യയോ അവരുടെ ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രയോ പറയാത്ത കഥകള്‍ എങ്ങനെ മാധ്യമങ്ങള്‍ക്ക്‌ കിട്ടുന്നു? വിവാഹദിവസം മുതല്‍ രാത്രിയില്‍ നടന്‍ ദിലീപ്‌ കാവ്യയുടെ മൊബൈല്‍ഫോണിലേക്ക്‌ മെസേജുകള്‍ അയച്ചുവെന്നും ഇത്‌ അവരുടെ ഭര്‍ത്താവ്‌ കാണാനിടയായതാണ്‌ കുടുംബജീവിതം തകരാന്‍ കാരണമെന്നും വരെ വെച്ചുകാച്ചിക്കളഞ്ഞു ചിലര്‍. രാത്രിയില്‍ കാവ്യ തന്റെ ഫോണ്‍ ഈ ലേഖകന്‍മാരെ ഏല്‍പ്പിച്ചശേഷമാണ്‌ ഉറങ്ങാന്‍ പോയിരുന്നതെന്നു തോന്നും വിവരണം കേട്ടാല്‍. ഇതുതന്നെയാണ്‌ നഗ്നപൂജാക്കഥയുടെ പിന്നാമ്പുറവും. ഞരമ്പുരോഗികള്‍ ഭാവനയില്‍ക്കണ്ട്‌ പടച്ചുവിടുന്ന ഈ കഥകള്‍ എത്രയെത്രയാളുകളാണ്‌ വിശ്വസിക്കുന്നത്‌.

സെലിബ്രിറ്റികളും മനുഷ്യരാണ്‌. അവര്‍ക്കുമുണ്ട്‌ സന്തോഷവും ദുഃഖവും പ്രതിഫലിക്കുന്ന ഒരു മനസ്‌. അവര്‍ക്കുമുണ്ട്‌ ഒരു കുടുംബം. അവര്‍ക്കുമുണ്ട്‌ ഒരു ജീവിതം. ഇതൊന്നുമോര്‍ക്കാതെ വായനക്കാരനെ ഇക്കിളിപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തനം നടത്തുന്നവരും അന്തിക്ക്‌ നാല്‍ക്കവലയില്‍ പ്രത്യക്ഷപ്പെടുന്ന പിമ്പുകളും തമ്മില്‍ വലിയ വ്യത്യാസമില്ല. അനീതിക്കെതിരെ പോരാടുകയും മനുഷ്യാവകാശങ്ങള്‍ക്ക്‌ കാവല്‍ നില്‍ക്കുകയും അന്യരോടുള്ള സഹാനുഭൂതി കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോഴേ മാധ്യമപ്രവര്‍ത്തകന്റെ പ്രയത്‌നം സഫലമാകുന്നുള്ളൂ. അത്‌ മറക്കുമ്പോള്‍ അയാള്‍ സമൂഹത്തിലെ ഏറ്റവും അധമനാവുകയും ചെയ്യുന്നു.

അതിനാല്‍ പ്രിയപ്പെട്ട വായനക്കാരേ, കാവ്യാമാധവന്റെ ദുര്യോഗത്തില്‍ സഹതപിക്കുക. അവരെ വെറുതേ വിടുക. അവള്‍ക്കുണ്ടായ ദുഃഖം നിങ്ങളുടെ സഹോദരിക്കായിരുന്നെങ്കില്‍ നിങ്ങളുടെ മനോഭാവം എന്തായിരിക്കുമെന്ന്‌ ചിന്തിക്കുക. വിവാഹബന്ധം തകര്‍ന്ന്‌ വീട്ടില്‍വന്നു നില്‍ക്കുന്ന സഹോദരിയുടെ പേരില്‍ ഒരു നഗ്നപൂജാക്കഥ കെട്ടിച്ചമച്ച്‌ നിങ്ങള്‍ ആയിരംപേര്‍ക്ക്‌ എസ്‌.എം.എസോ ഇമെയിലോ അയയ്‌ക്കുമോ?
(ഇതു എനിക്കു ഇന്നു വന്ന മെയിലില്‍ ,APPLE KERALA എന്ന ഗ്രൂപ്പില്‍ നിന്നും അയചുകിട്ടിയതാണു .വായിച്ചപ്പോള്‍ ഇതു തന്നെയാണു എന്റെയും നിലപാടു എന്നു ഉറപ്പുള്ളതുകൊണ്ടു ഞനിതിവിടെ പോസ്റ്റു ചെയ്യുന്നു.)

8 comments:

രാജന്‍ വെങ്ങര said...

നിങ്ങള്‍ക്കൊന്നും പറയാനില്ലേ?

രാജന്‍ വെങ്ങര said...

:

അരുണ്‍ കായംകുളം said...

ശരിയാണ്, നമ്മള്‍ ഇതിവിടെ ചര്‍ച്ച ചെയ്യുന്നത് തന്നെ ശരിയല്ല.എങ്കിലും പറയട്ടെ, ആ പാവത്തിനെ വിട്ടേര്.

കുമാരന്‍ | kumaran said...

:)

maithreyi said...

Real cruel gossips.Njarampu rogikal.

ramanika said...

നമ്മള്‍ ഇതിവിടെ ചര്‍ച്ച ചെയ്യുന്നത് തന്നെ ശരിയല്ല!

നട്ടപിരാന്തന്‍ said...

I am agree with you

വയനാടന്‍ said...

എന്തു കൊണ്ടിതു ചർച്ച ചെയ്തു കൂടാ..
ഈ ഞരമ്പു രോഗം നമുക്കെത്ര നാൾ മറച്ചു വയ്ക്കാൻ പറ്റും?
വേലി തന്നെ വിളവു തിന്നുന്ന ഈ കാലത്തു ഇതും ചർച്ച ചെയ്യ്തേ തീരൂ.
രോഗലക്ഷണങ്ങളെയല്ല; കാരണത്തെയാണു ഇല്ലാതാക്കണ്ടതെന്നതു കൊണ്ടു തന്നെ.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)