Thursday, December 13, 2007

എവിടെയാ നീയിപ്പോള്‍?

"എവിടെയാ നീയിപ്പോള്‍?"
നീ ഇങ്ങിനെ ചോദിച്ചപ്പോഴാണു,
ഞാന്‍ എന്നെ തിരഞ്ഞു തുടങ്ങിയതു.
ഉച്ചി തൊട്ടു ഉള്ളം കാല്‍ വരെ
ഞാന്‍ ചുഴിഞ്ഞു നോക്കി..
ഊണിലും ഉറക്കിലും
ഇറങ്ങി നോക്കി.
പറഞ്ഞ വാക്കിലും,
അറിഞ്ഞയറിവിലും,
കയറിനോക്കി.
കണ്ട നോവിലും
കേട്ട നേരിലും
അരിച്ചു നോക്കി.
എവിടെ വച്ചാണൂ എന്നറിഞ്ഞില്ല!,
ഇല്ലാത്ത ഒന്നായി
വല്ലാത്ത ഞാനായി
എന്നെയെനിക്കു
കണ്ടു കിട്ടി!!

മരീചികകള്‍ കുശുകുശുക്കുന്നതു

"സ്നേഹത്തിന്റെ ഒരു കടല്‍,
ഒരു കുന്നോളം സ്നേഹം",
നീ എനിക്കു നല്‍കിയ
പ്രണയമേലങ്കികളുടെ മേല്‍
തിളങ്ങി നിന്ന നക്ഷത്രകുടുക്കുകള്‍!.
ഉപമകളും,ഉല്‍പ്രേക്ഷകളും
പടിയിറങ്ങിയകന്നപ്പോള്‍
‍അവശേഷിച്ചതു,
മരുഭൂവിന്റെ തരിശു മാത്രം.
മരീചികകള്‍ കുശുകുശുക്കുന്നതോ
നഷ്‌ടപ്രണയത്തിന്റെകടംങ്കഥകള്‍.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)