Tuesday, January 8, 2008

"കൊച്ചിക്കടപ്പുറത്തെ പുതുവത്സരക്കണ്ണീര്‍" എന്നതിനു

ആണിനെം പെണ്ണിനെം തീയും വെടിമരുന്നും ആക്കി കുഞ്ഞുംനാളീലെ അകറ്റിയിരുത്തി ,അണിനു ,പെണ്ണൂ ഒരു അതുഭുതവസ്തുവാക്കി കൊടുത്ത ഇവിടുത്തെ വിദ്യാഭാസ സമ്പ്രദാ‍യം തന്നെയാണു ഒന്നാം പ്രതി.എനിക്കൊര്‍മ്മയുണ്ടു. ഞാന്‍ എട്ടാം ക്ലാസ്സ് പകുതിവരെ mixed schollil ആണു പഠിച്ചതു. ഏട്ടാം ക്ലാസ് പകുതിയകുമ്പോഴാണ്‍ ഞങ്ങളുടെ ക്ലാസിലെ പെണ്‍കുട്ടികളെ മുഴുവന്‍ പുതുതായി പണിത പെണ്‍കുട്ടികള്‍‍ക്കു മാത്രമുള്ള സ്കൂളിലേക്കു മാറ്റിയതു. പിന്നീടു, കൂടെ പഠിച്ച കുട്ടികളെ കാണാന്‍ ഞങ്ങള്‍ അങ്ങൊട്ടു വച്ചു പിടിച്ചപ്പോള്‍ അതും പ്രശ്നമാക്കിയവരധ്യാപകര്‍.നമുക്കു വിലക്കും ഏര്‍പെടുത്തി. ആ വിലക്കു പൊട്ടിക്കാനായി പിന്നെത്തെ ശ്രമം.അത്രയാക്രാന്തക്കാരനല്ലത്തതിനാല്‍ അന്നതിനെ നിലക്കു നിര്‍ത്താന്‍ എനിക്കു കഴിഞ്ഞിരുന്നു. എന്നെപോലെ അല്ലാതിരുന്ന, മൂത്ത ആക്ക്രാന്തക്കാര്‍ അതിനിറങ്ങി തിരിച്ചു അല്ലറ ചില്ലറ അടിയും എടങ്ങാറും ,പുകിലും അന്നുണ്ടാക്കിയിരുന്നു. അതിന്റെ പിന്തുടര്‍ച്ച തന്നെയാണ് ഇന്നത്തെ ഈ ആക്രാന്തത്തിനു പിന്നിലും..പിന്നെ ഇതു മൊത്തം മലയാളിയുടെ പൊതു ഗുണം എന്നു പറഞ്ഞതു ശരിയൊ? ഇങ്ങു മുംബൈയിലും അത്തരം സംഭവം ഉണ്ടായി.ആക്ക്രാന്തം മൂത്തവര്‍ എവിടെയും ഉണ്ടു എന്നു ചുരുക്കം.പിന്നെ സെക്സിനെ മഹാപാപമായി കണക്കാക്കി കാണുന്ന കപടസദാചാര ബോധം നിലനില്‍ക്കുന്ന ഏതൊരു സമൂ‍ൂഹത്തിലും ഇതു സംഭാവ്യമാണു.പണക്കാര്‍ക്കു, സെക്സിനെ അസ്വദിക്കാനുള്ള അനുഭവമാക്കുകയും,പാവപെട്ടവനു അതു ക്രൂരമായി നിഷേധിക്കയും ചെയ്യുന്ന ഇരട്ടതാപ്പ് നയത്തിന്റെ പ്രത്യാഘാതങ്ങളില്‍ ചിലതല്ലെ ഇതൊക്കെയെന്നും ചിന്തിക്കേണ്ടതാണ്‍.ഇന്നും ,ബസ്സില്‍ സീറ്റു പങ്കിട്ടാല്‍ പോലും ചിതറി പോവുന്ന ചാരിത്ര്യത്തിന്റെ കപട്യത്തിലാണു കേരളത്തിലെ ചില പെണ്ണൂങ്ങള്‍.ഇതു ഒരു കമെന്റില്‍ ഒതുക്കേണ്ടുന്ന വിഷയമല്ലാത്തതിനാല്‍ ,ഒന്നു കൂടി പറഞ്ഞു നിര്‍ത്തട്ടെ. രോഗത്തിനു ചികിത്സക്കുന്നതൊടൊപ്പം അത്ര തന്നെ പ്രധാനാമാണു രോഗഹേതു എന്തന്നറിഞ്ഞു അതിനും കൂടി പ്രതിവിധി കണ്ടെത്തുന്നതു.ഈ വിഷയം ബ്ലൊഗിലെത്തിച്ചതിനും ഇതു ചിന്താവിഷയമാക്കിയതിനും അഭിനന്ദനം രേഖപെടുത്തുന്നു.
നമതു വാഴ്വും കാലം ...... "കൊച്ചിക്കടപ്പുറത്തെ പുതുവത്സരക്കണ്ണീര്‍" എന്ന പോസ്റ്റിന് നല്‍കിയ കമെന്റ്

താല്‍ക്കാലികാമായി ഞാന്‍ വിടവാങ്ങുന്നു.. എല്ലവരോടൂം ...വീണ്ടും തിരിച്ചുവരും വരേ സ്നേഹപൂര്‍വ്വം വിട ചോദിക്കുന്നു.


ഉണ്ണാനുടക്കാനുറങ്ങാന്‍ കഴിഞ്ഞ ഇരുപതാണ്ടായി ഇടം തന്നു എന്നെ പോ‍റ്റി പരിപാലിച്ച ഈ മുംബൈ നഗരത്തോടു ഞാന്‍ വിട പറയുകയാണു.ഇരുപതു വര്‍ഷങ്ങല്‍ക്കു മുമ്പു ഒരു ഒക്ടോബര്‍ അവസാന വാരം ആണ് ഞാന്‍ ആദ്യമായി മുംബെയില്‍ വരുന്നതു. അന്നു ഇതു ബോംബെ ആയിരുന്നു. പേരു എന്തു തന്നെയായിരുന്നാലും, അന്നും ഇന്നും എനിക്കു ഈ നഗരം എനിക്കു പോറ്റമ്മയാണു. ജീവിതത്തെ ,അതിന്റെ സര്‍വ്വ ജാലകങ്ങളിലൂടെയും എനിക്കു ദൃശ്യമാക്കി തന്ന എന്റെ മുംബൈ,ഞാന്‍ നിന്നില്‍ നിന്നും ഒരു താല്‍ക്കാലിക വിടവാങ്ങലിനൊരുങ്ങുകയാണു.എന്നെ ഞാനാക്കിയ നിന്റെ ദയാവയ്പ്പിനെ മറവിയുടെ ഒരിതള്‍ കൊണ്ടുപോലും എനിക്കു മറച്ചുവെക്കാന്‍ കഴിയില്ല.
നിന്റെ നെഞ്ചിലെ ചൂടും ചൂരും ഊറ്റിയെടുത്തു ഞാനണിഞ്ഞ എത്രയെത്ര വേഷങ്ങള്‍? ഈ അരങ്ങൊഴിഞ്ഞു പോകാനായി ഞനെന്റെ കെട്ടു മുറുക്കുമ്പോള്‍,എന്റെ ഭാണ്ഡത്തിന്റെ കെട്ടിലൊതുങ്ങാതെ പുറത്തെക്കു തള്ളി നില്‍ക്കൂന്ന ആ വേഷ ഭൂഷാദികളുടെ മങ്ങാത്ത നിറപടര്‍പ്പുകള്‍ എന്നെ ഓര്‍മ്മകളുടെ നിലയില്ലാ കയത്തിലേക്കു ഉന്തിയിടുകയാണു.
യവ്വനാരംഭത്തില്‍ ,ഒച്ചവച്ചാര്‍ത്തു കൂട്ടുകൂടിതിമര്‍ത്താടി നടന്ന പകലുകള്‍ പടിയിറങ്ങിയടങ്ങികഴിയുമ്പോള്‍ ,സന്ധ്യയുടെ മുഖം കറുത്തു വരുമ്പോള്‍,മനസ്സൂം വേവലാതിപെട്ടു ഉഴറി പോവുമായിരുന്നു. ആരും കാ‍ണാതെ കരഞ്ഞും ,ഉള്ളിലടക്കിയ സങ്കടത്തിന്റെ നെരിപ്പോടുമായി തള്ളി നീക്കിയ ദിനരാത്രങ്ങള്‍.അങ്ങിനെ ആ അസ്വസ്ഥ ദിനങ്ങള്‍ക്കൊടുവില്‍ എനിക്കു മുംബൈലേക്കു വരാന്‍ വിധി വഴിയൊരുക്കുന്നു.
രാപകലുകളുടെ വ്യതിയാനങ്ങള്‍ക്കതീതമായി ഞാ‍ന്‍ നടന്നലഞ്ഞ നാട്ടുവഴികള്‍.
ഉച്ച വെയിലിന്റെ തീഷ്ണതയൊടു അറിയാ‍ക്കഥ പറഞ്ഞുരസി നില്ല്ക്കുന്ന പാറമുള്ളുകളെ ഗൌനിക്കാതെ ,ചെറുമണിക്കല്ലുകളിലെന്റെ കാലടികളമര്‍ത്തി നടന്നലയുമ്പോള്‍,എന്നൊടു കിന്നാരം പറഞ്ഞകന്ന മാടായിപ്പാറയിലേ മധുരകാറ്റിനോടും,ഞാന്‍ യാത്ര പറഞ്ഞു.
കൌമാരപ്രണയത്തിന്റെ മധുരനൊമ്പരത്തിലുലഞ്ഞു, അന്നാ നാട്ടു വഴിയില്‍ വച്ചു ഞാനവളോടൂ യാത്ര ചോദിച്ചു. പരിഭവവൂം,കണ്ണീരും കൂടാ‍തെ, കൂട്ടിത്തവും,കളിയും വിട്ടുമാറാത്ത അവള്‍ എനിക്കു യാത്രാനുമതി തന്നു.മുംബൈയിലെത്തിയ ആദ്യദിനങ്ങളീല്‍, ചങ്ങാതിയിലൂടെ കൈ മാ‍റിയും,തപാലു വഴിയും ആയി ദിനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കയ്യിലെത്തുന്ന അവളുടെ കയ്യക്ഷരത്തിലുള്ള ആ കുഞ്ഞു കടലാസില്‍ നിന്നും എന്റെ പ്രണയം, ആയിരം നിറമുള്ള ചിറകുകള്‍ വിടര്‍ത്തി പറന്നുയരുമായിരുന്നു.
ആ കുഞ്ഞക്ഷരങ്ങളില്‍ നിന്നു ഞാന്‍ അതിജീവനത്തിനുള്ള ഊര്‍ജം കണ്ടെടുത്തു.
എനിക്കു മുന്നില്‍ വഴികള്‍ പലവിധമായി പെരുകി.ആരൊ കളിക്കുന്ന ഏണിയും പമ്പും കളത്തിലെ ഒരു കരുവായി ഞാന്‍ മാറി. കളങ്ങളില്‍ നിന്നും കളങ്ങളീലേക്കു ഞാന്‍ നീക്കം ചെയ്യപെട്ടു.
വിജയം ആരുടേതാണൂ? കരുവായ എന്റെതല്ല തീര്‍ച്ച.
ഇന്നും അന‍സ്യൂതം തുടരുന്ന ഈ കളിയില്‍ നിന്നും ഞാനെന്ന കരു ഇങ്ങിനെ കളങ്ങള്‍ മാറി മാ‍റി
ഇവിടം വരെ എത്തി..
ഇപ്പോ‍ള്‍ കളിപ്പടം മാറ്റാന്‍ ആ കളീക്കാരന്‍ തീരുമാനിച്ചിരിക്കണം.ഞാനെന്ന കരുവിനെ ഇതാ ഇപ്പോള്‍ ഇവിടെ നിന്നും ആ വലിയ കളിക്കാരന്‍ മാറ്റുകയാണു.
ഈ വരുന്ന പതിനാറാം തിയ്യതി (ജനുവരി-2008)ഇവിടെ നിന്നും ഞാന്‍ എന്റെ ഭാണ്ഠം മുറുക്കുകയാണ്.
പതിനഞ്ചു വര്‍ഷം ഒന്നിച്ചനുഭവിച്ച ദാമ്പത്യ ജീവിതം ,പ്രിയപെട്ടവളുടെ ഉദരത്തില്‍ ഒരതിഥി എത്തിയിരിക്കുന്നു.ഞങ്ങളുടെ ദമ്പത്യ വല്ലരിയില്‍ വിരിയുന്ന രണ്ടാമത്തെ കുസുമം .അവന്റെ /അവളുടെ സുഖ സൌകര്യത്തിന് കോട്ടം വരാ‍തിരിക്കാന്‍ പ്രിയപെട്ടവളെയും കൂട്ടി നാട്ടിലേക്കു തിരി‍ക്കയാണു.അവിടെ കുറച്ചു ദിവസം,തെയ്യകാവുകളിലും,ഉത്സവ പറമ്പിലും,നാടകമുള്ളിടത്തും ,ചെണ്ട പുറത്തു കോലു വീഴുന്നിടത്തെല്ലാം പരമാവധി പോയി, കഴിഞ്ഞ കാലങ്ങളിലെല്ലാം എനിക്കു നഷ്ടമായ ആ മധുരനിമിഷങ്ങളെ വീണ്ടെടുക്കനാവുമോ എന്നു നോക്കണം.
എട്ടില്‍ പഠിക്കുന്ന മോളുമൊത്തു,അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോ‍ക്കി,അവള്‍ക്കുവേണ്ടി കുറ്ച്ചു നാള്‍.
അതു കഴിഞ്ഞാല്‍ വീണ്ടു വിധിയുടെ കരുവായി..അങ്ങു ആ സ്വപ്ന നഗരിയില്‍..ശരാശരി ഒരോ മലയാളിയുടെയും സ്വപ്നഭൂമികയയ ദുബായിയില്‍.പുതിയ വേഷത്തില്‍,പുതിയ നിറ ചാര്‍ത്തില്‍ വീണ്ടും കളിക്കളത്തില്‍.
അപ്പോള്‍ ചങ്ങാതി മാരേ ഇതു ഒരു ഇടക്കാല വിടവാങ്ങലിന്റെ യാത്ര പറച്ചിലാണു.
എല്ലാം കെട്ടിപൊതിഞ്ഞു നാട്ടിലേക്കയക്കുന്നതിനു മുമ്പുള്ള ഏതാനും ദിവസങ്ങള്‍.( ആദ്യം പായ്ക്ക് ചെയ്യേണ്ടതു ഈ കമ്പ്യൂട്ടരാണെന്നു പിന്നില്‍ നിന്നും അവളുടെ കുറുമ്പു) അതിനിടയില്‍ കുറച്ചു കൂടി ഞാന്‍ എന്റെ പ്രിയപെട്ടവരായ, ബ്ലൊഗെഴുത്തുകാരോടു സംവദിക്കണമെന്നുണ്ടു.പക്ഷെ, ഒരു വീടു മുഴുവന്‍ അടര്‍ത്തിയെടുത്തു നാട്ടിലേക്കയക്കേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്വത്തിനിടയില്‍ അതിനി ഏറെയാവുമോ എന്നറിയില്ല.ആയതിനാല്‍....
അടുത്ത മാസം ആദ്യപകുതിയൊടെ വീണ്ടും കളീക്കളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പുമാ‍യാണ് ഈ വിടവാങ്ങല്‍.അപ്പോള്‍ ഇനി നാം കാണുക ആ സ്വപനഭൂമികയില്‍ ഞാന്‍ എത്തിയതിനു ശേഷമാകാം. അതുവരെക്കും എല്ലവരൊടും സ്നേഹപ്പൂര്‍വ്വം വിട.

വെണ്‍മേഘങ്ങള്‍ ഉണ്ടാകുന്നതു ഇങ്ങിനെ!


ഇനി വന്നോട്ടെ നിങ്ങളുടെ ഭാവന അടികുറിപ്പുകളാ‍യി..

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)