വെണ്ടക്ക പച്ചടി എങ്ങിനെയാണ് ഉണ്ടാക്കുന്നതു എന്നാവട്ടേ ഇന്നത്തെ എന്റെ പോസ്റ്റ്..
വേണ്ടുന്ന സാധനങ്ങള്‍.
1 കാല്‍ കിലോ വെണ്ടക്ക.
2. അര മുറി തേങ്ങ ചിരവിയെടുത്തതു.
3.കാല്‍ കിലോ തൈരു .( നന്നായി മിക്‍സിയിലിട്ട് അടിച്ചു ഉടച്ചു എടുത്തത്)
4.നാലു വലിയ പച്ച മുളകു.
5.ഒരിഞ്ചു വലിപ്പത്തില്‍ ഇഞ്ചി കഷണം( ഇഞ്ചി പെണ്ണല്ല!)
6.വെളുത്തുള്ളി രണ്ടല്ലി.(നാഗവല്ലിയല്ല!)
7. കരിവേപ്പില.
8.വെളിച്ചെണ്ണ.
9.പശുവിന്‍ നെയ്യു.(ഒരു സ്പൂണ്‍)
10 കടുകു.
11.മഞ്ഞള്‍ പൊടി.
ഇനി ഉണ്ടാക്കുന്ന വിധം.
വെണ്ടക്ക കഷണങ്ങള്‍ ആക്കുക.(ഫോട്ടോ കാണുക)
രണ്ടു പച്ച മുളകു അതില്‍ നന്നായി അരിഞ്ഞിടുക.
അതിന്റെ കൂടെ ആ വെളുത്തുള്ളിയെയും അരിഞ്ഞിട്ടൊളു.
ചിരവിയ തേങ്ങയുടെ കൂടെ ഇഞ്ചി അരിഞ്ഞതും,രണ്ടു പചമുളകും,ആഞ്ചാറ് ഇല കരിവേപ്പിലയും ഇട്ട് നന്നായി മിക്സിയില്‍ അരച്ചെടുക്കുക.
ചട്ടി( മണ്‍ച്ചട്ടിയാണെങ്കില്‍ ഉത്തമം)യില്‍ എണ്ണയൊഴിച്ചു കടുകു പൊട്ടിക്കുക.അതില്‍ വെണ്ടക്ക കഷണ്ങ്ങള്‍ ഇട്ട് വഴറ്റി യെടുക്കുക.വെണ്ടക്കയുടെ പച്ച ചുവ മാറാന്‍ പാകത്തില്‍ (വേവ്വും വിധം)
വഴറ്റുന്നതിനിടയില്‍ ,പശുവിന്‍ നെയ്യു ചേര്‍ക്കാം.അതിലേക്കു ആവശ്യത്തിനു ഉപ്പും,മഞ്ഞള്‍ പൊടിയും ഇടുക.(മഞ്ഞള്‍പൊടി വളരെ കുറച്ചു മതി കേട്ടോ). നന്നായി വഴറ്റി കഴിഞ്ഞാല്‍,തീ കുറച്ചു,അതിലേക്കു തേങ്ങയരച്ചതു ചേര്‍ത്തു,ഒന്നു പതുക്കെ ചൂടാക്കുക. തേങ്ങയുടെ പച്ച ചുവയൊന്നു മാറിക്കോട്ടെ..മതി ഇനി തീയണച്ചു കൊള്ളൂ.
അല്‍പ്പം തണുത്തു കഴിഞ്ഞാല്‍,അതിലേക്കു ഉടച്ചു വച്ച തൈരു ചേര്‍ത്തിളക്കി വയ്ക്കുക,
ഇതാ രുചീയുള്ള വെണ്ടക്ക പച്ചടി തയ്യാര്‍..
കൂട്ടി നോക്കീട്ട് അഭിപ്രായം പറയണം കേട്ടോ ചങ്ങാതി മാരേ..