Monday, December 3, 2007

പാറപ്പുരാണം

പ്രിയ ശ്രീ....,
വലിയ സന്തോഷമയി നിന്റെ മെയിലും കമെന്റ്സുംകണ്ടപ്പോള്‍..
അതിലും വലിയ സന്തോഷമായി നീ എന്റെ സ്വന്തംമാടായി പാറയില്‍ വന്നെന്നും ,
അനുഭൂതികളുടെ പറുദീസയൊരുക്കി മാടായി പാറ നിന്നെയും സ്നേഹസാന്ത്വനത്തിന്റെ മടിയിലിരുത്തി ലാളിച്ചുവെന്നും നിന്റെ വാക്കിലൂടെ അറിയാന്‍ കഴിഞതില്‍.

എനിക്കിപ്പോഴത്തെ മാടായി പാറയെ കുറിച്ചു കൂടുതലൊന്നും പറയാനില്ല.
വളരെ വേദനയോടെ പറയട്ടെ...
എന്റെ മാടായി പാറ എന്നേ കൊലചെയ്യപെട്ടു പോയി.
ഖനനത്തിന്റെ പേരില്‍, കുറച്ചു പേരുടെ, ഉപജീവിതത്തിന്റെ പേരു പറഞ്ഞു,
ഒരു കൂട്ടം കൊള്ളക്കാര് ‍എന്റെ മാടായി പാറയെ നിഷ്ക്കരുണം ബലാല്‍ക്കാരം ചെയ്തു്‌ കൊന്നുകളഞ്ഞിരിക്കുന്നു.
നമ്മള്‍,നന്ദിയില്ലാത്ത വെങ്ങരക്കാര്‍,മാടായിക്കാര്‍എല്ലാം കണ്ടു ,
ഏതോ അന്യഗ്രഹ ദേവലോകത്തു നിന്നും
എന്നോ എത്താന്‍ ഇടയുള്ള ഒരു രക്ഷകനെയും പ്രതീക്ഷിച്ചു,
ബാലാല്‍സംഗം ചെയ്യപ്പെട്ടു അപമ്രുത്യുവിനിരയായി ,
അനാവ്രതമാക്കപെട്ട വെറുമൊരു അസ്ഥിപന്ചരമായി
മോക്ഷത്തിനായി വിലപിച്ചു കേഴുന്ന മാടായി പാറയെ കണ്ടില്ലെന്നു നടിക്കാന്‍ കോപ്പ് കൂട്ടുകയാണു.

ആരുണ്ടു, നഗ്നത നഷ്ടമായ അസ്ഥികള്‍ക്കു മേല്‍ ഒരു ശീലക്കഷ്ണമെങ്കിലും വീശിയെറിഞ്ഞിടാന്‍?

ഇന്നും അനവരതം,നിര്‍ബാധം തുടരുന്ന കൊള്ള കൊലപാതകത്തിനെതിരേ ഇങ്ങകലെയിരുന്നു ഇങ്ങിനെ വിലപിക്കനാല്ലാതെ ,
പ്രവാസിയാകാന്‍ വിധിക്കപെട്ട എനിക്ക് പ്രതിഷേധിക്കാന്‍ വകുപ്പില്ലല്ലോ.
പൂര്‍വ്വ കാല പ്രതാപത്തിന്റെ, ഓര്‍മ്മകള്‍ നൊട്ടിനുണഞ്ഞും,
പങ്കു വെക്കാന്‍ ഇഷ്ടംകൂടിയെത്തുന്ന നിന്നേ പോലെയുള്ള നല്ല മനസ്സുള്ളവരുമായി പങ്കു വെക്കുംബോഴും ഞാന്‍ ആ പഴയ, മാടായി പാറയെ പുനര്‍ജനിപ്പിക്കയാണു എന്റെ മനസ്സില്‍.

എനിക്കു താലോലിക്കാന്‍, ഓര്‍മകളുടെ പത്തായ പുര നിറച്ചും പത്തരമാറ്റുള്ളപണ്ടങ്ങള്‍ തന്ന എന്റെ ബാല്യ കൌമാര യവ്വനാവസ്ഥയുടെ പുഷ്കല കാലം!!

മാടയി പാറയുടെ നേര്‍വരവഴികളില്‍,
നഗ്നപാദങ്ങളില്‍,
ഇക്കിളിയുടെ പൂക്കള്‍വിരിയിക്കുന്ന ചെറുമണികല്ലുകളുതിര്‍ന്നു വീണ നടവഴികളില്‍,
പകലിന്റെ ഒരോ നിമിഷവ്യതിയാനത്തിലും,
വെയിലലിവിന്റെ നിറഭേദം പരന്നൊഴുകുന്ന ,
പാറപുറത്തിന്റെ സ്വച്ചന്തതയില്‍,
ഞാനലഞ്ഞ പകലുകള്‍.!!

പങ്കുവെക്കാതെ
ഞാനെന്റെ ഹ്രുദയത്തിന്റെ ഉള്ളറകളില്‍
നിധി പോലെ കാത്ത
കൌമാരത്തിന്റെ കുസ്രുതി കുടുക്കകള്‍!!!
ഇടക്കിടെ ഞനതെടുത്തു
പൊടി തുടച്കു മിനുക്കി വെക്കുന്നു.
ആരും കാണാതെ....

ബ്ളോഗിലെഴുത്തു തുടങ്ങുതിനു മുമ്പു, ഞങ്ങളുടെ നാടിന്റെ വെബ് സൈറ്റായ വെങ്ങര.കോം (http://www.vengara.com/) ഗസ്റ്റ് പേജില്‍ ഞാന്‍ മാടായി പാറയുടെ ചില നേര്‍ച്ചിത്രങ്ങള്‍ ചെറുതായി താഴെ കാണുംവിധം മംഗ്ഗ്ളീഷില്‍ കോറിയിട്ടിരുന്നു.

""പെയ്യട്ടെ നിറഞ്ഞുലഞ്ഞു പെയ്യട്ടെ!!
മാടയിപാറയിലെ കാറ്റും,മഴയും എനിക്കന്യമായിട്ടു നാളുകളേറേയായി!!
പക്ഷെ....മഴപെയ്തു പായല്‍ പിടിച്ചു,
വഴുക്കല്‍ പിടിച്ച പാറപുറത്തിന്റെയും,
കല്ലടര്‍പ്പുകളില്‍ നിറഞ്ഞു നിന്നു രൂപം കൊള്ളുന്ന മഴ തടാകങ്ങളുടേയും
അവയിലേക്കു ഒഴുകി പരന്നിറങ്ങി നിറയുന്ന വെള്ളൊഴുക്കിന്റെയും
ദ്രുശ്യ ഭംഗി ഇതാ ഇവിടെ ഈ അകലങ്ങളിലിരുന്നും എനിക്കനുഭവവേദ്യമാകുന്നു .!!!
എന്റെ മാടായിപാറ.....
നിന്നില്‍ വീണമരുന്ന മഴത്തുള്ളികളെ.....
നിങ്ങള്‍ ചാലിട്ടൊഴുകി നിറഞ്ഞ ഭടുകുന്ത തടാകമെ...
നിന്റെ കരയോരത്തു കാറ്റേറ്റിരുന്ന,
മഴകൊണ്ടിരുന്ന സയാഹ്നങ്ങളെ എനിക്കെന്നു തിരിച്ചു തരും.....?


പിന്നെയും പിന്നെയും പറഞ്ഞാലും പറഞ്ഞാലുംതീരാത്ത പുരാണമാണതു.പാറപ്പുരാണം.നമുക്കു പറയാം നേരം കിട്ടുംബൊഴൊക്കെ. അല്ലെ?

1 comment:

ശ്രീലാല്‍ said...

രായാട്ടാ,

നാട്ടിലെത്തട്ടെ. പോകണം.. പാറക്കെ മഴ കാണണം.. സന്ധ്യയും... !

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)